
ഏറ്റുമാനൂര്‍: പതിനായിരങ്ങള്‍ വിശ്വാസ തീവ്രതയോടെ പ്രാര്‍ഥനയ്ക്കായി എത്തുന്ന പേരൂര്‍ മര്‍ത്തശ്മൂനി യാക്കോബായ സുറിയാനിപള്ളി ഇനി ആഗോള തീര്‍ഥാടനകേന്ദ്രം. നാടിനും സഭയ്ക്കും ആഹ്ലാദംപകര്‍ന്ന് ആഗോള തീര്‍ഥാടനകേന്ദ്രപ്രഖ്യാപനം ശ്രേഷ്ഠകാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വഹിച്ചു.ഞായറാഴ്ച ആയിരങ്ങള്‍ പങ്കെടുത്ത അഞ്ചിന്മേല്‍ കുര്‍ബാനമധ്യേയാണ് ശ്രേഷ്ഠകാതോലിക്കാ ബാവ പ്രഖ്യാപനം നടത്തിയത്. നാനാജാതിമതസ്ഥര്‍ ആരാധനയ്‌ക്കെത്തുന്ന മര്‍ത്തശ്മൂനി യാക്കോബായ സുറിയാനിപള്ളി ആഗോള തീര്‍ഥാടന കേന്ദ്രമാക്കി ഉയര്‍ത്തിയത് നാടിനും സഭയ്ക്കും ലഭിച്ച അംഗീകാരമാണെന്ന് ശ്രേഷ്ഠകാതോലിക്കാ ബാവ പറഞ്ഞു. മര്‍ത്തശ്മൂനിയമ്മയുടെ നാമധേയത്തിലുള്ള ആദ്യ ദേവാലയമാണ് പേരൂരിലേത്. ഒരു നൂറ്റാണ്ടിനുള്ളില്‍ ഇവിടെ സംഭവിച്ച അത്ഭുതപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ആകമാന സുറിയാനി സഭയുടെ മേലധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ ആഗോള തീര്‍ഥാടന കേന്ദ്രമെന്ന പദവിയിലേക്ക് ഉയര്‍ത്താന്‍ തീരുമാനമെടുത്തത്. ചടങ്ങിനോടനുബന്ധിച്ചുനടന്ന സാംസ്‌കാരികസമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനംചെയ്തു. മര്‍ത്തശ്മൂനിയമ്മ പ്രകടിപ്പിച്ച വിശ്വാസവും ത്യാഗവും നൂറ്റാണ്ടുകള്‍ പിന്നിട്ടാലും പ്രസക്തമാണെന്ന് മന്ത്രി മാണി പറഞ്ഞു. വ്യക്തിജീവിതത്തില്‍ അമ്മ പകര്‍ന്ന വിശ്വാസവും ത്യാഗവും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വെബ്‌സൈറ്റ് ജോസ് കെ.മാണി എം.പി.യും ധനസഹായവിതരണം സുരേഷ്‌കുറുപ്പ് എം.എല്‍.എ.യും ഉദ്ഘാടനം ചെയ്തു. വികാരി ഫാ.മാണി കല്ലാപ്പുറം, അസിസ്റ്റന്റ് വികാരിമാരായ ഫാ. മാത്യു ആനത്താനത്ത്, ഫാ. അഭിലാഷ് എബ്രഹാം, മുന്‍ എം.എല്‍.എ. തോമസ് ചാഴികാടന്‍, സഭാസെക്രട്ടറി തമ്പു ജോര്‍ജ്, ഭദ്രാസന സെക്രട്ടറി റവ. കുര്യാക്കോസ് കോര്‍-എപ്പിസ്‌കോപ്പ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ സാലി ജോര്‍ജ്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ജെസ്സി ജോയി, ഫാ. ജെയിംസ് ചെരുവില്‍, ഫാ. പീറ്റര്‍ കുത്തുകല്ലില്‍, മോളി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment