യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 18 September 2011

പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ 15 ദിവസം സമയം വേണം -മുഖ്യമന്ത്രി


സഭാ തര്‍ക്കത്തില്‍ പക്ഷം പിടിക്കില്ല: ഉമ്മന്‍ ചാണ്ടി ‍‍
കൊച്ചി: കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ 15 ദിവസംകൂടി സമയം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. 15 ദിവസത്തേക്ക് സഭാ മേലധ്യക്ഷന്മാര്‍ നടത്തുന്ന ഉപവാസസമരവും പ്രാര്‍ഥനായജ്ഞവും നിര്‍ത്തിവയ്ക്കണമെന്നും ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു.
കോലഞ്ചേരി പള്ളിയുടെ അവകാശത്തര്‍ക്കത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്ക് തുല്യ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കില്ല. എത്രയും വേഗം പ്രശ്‌നപരിഹാരം ഉണ്ടാക്കും - മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 ദിവസത്തിനുള്ളില്‍ അഭിപ്രായസമന്വയം ഉണ്ടായില്ലെങ്കില്‍ കോടതിവിധി നടപ്പിലാക്കേണ്ടിവരുമെന്ന് യോഗം തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ പി.ഐ. ഷേയ്ക്ക് പരീത് പറഞ്ഞു. യാക്കോബായ സഭയുടെ അപ്പീല്‍ പെറ്റീഷന്‍ ഇതിനിടെ കോടതിയില്‍ വരും. ഇതിന്റെ വിധികൂടി അറിഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
തര്‍ക്കപരിഹാരം കാണാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലയേല്പിച്ച് മുഖ്യമന്ത്രി രാത്രി എട്ടരയോടെ ചര്‍ച്ച അവസാനിപ്പിച്ച് കോട്ടയത്തേക്ക് മടങ്ങി.
ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ കാതോലിക്ക ബാവ അനുഷ്ഠിക്കുന്ന നിരാഹാരം അവസാനിപ്പിക്കുവാന്‍ മുന്‍കൈ എടുക്കുവാനും യോഗം തീരുമാനിച്ചു. പള്ളിത്തര്‍ക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താനായിരുന്നു മന്ത്രിമാര്‍ ഉള്‍പ്പെട്ട യോഗത്തിന്റെ പ്രധാന ചര്‍ച്ച.
സര്‍ക്കാരിന്റെ നിലപാട് ഇരു സഭാ പ്രതിനിധികളെയും അറിയിക്കും. അതിനുശേഷം തര്‍ക്ക വിഷയത്തില്‍ ഒരു അവസാന തീരുമാനമെടുക്കുമെന്നാണറിയുന്നത്. സര്‍ക്കാരിന്റെ തീരുമാനം സ്വീകരിക്കാന്‍ ഇരുസഭാംഗങ്ങളും തയ്യാറാകണമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കുമെന്ന്, മുഖ്യമന്ത്രി മാരിടൈം അക്കാദമിയുടെ ശിലാസ്ഥാപനച്ചടങ്ങിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനുശേഷമാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്. ഉച്ചയ്ക്ക് തുടങ്ങിയ ചര്‍ച്ച രാത്രി എട്ട്‌വരെ തുടര്‍ന്നു.
ഗസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, പ്രൊഫ. കെ.വി. തോമസ്, മന്ത്രി കെ. ബാബു, ബെന്നി ബഹനാന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment