യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 6 September 2011

വിശ്വാസവും ആഘോഷവും സമന്വയിച്ചു; ജനസാഗരമായി മണര്‍കാട് റാസ

മണര്‍കാട്: കന്യകമര്‍ത്തമറിയത്തോടുള്ള അപേക്ഷകളും പ്രാര്‍ഥനാഗീതങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ ഭക്തിനിര്‍ഭരവും ആഘോഷ സമന്വിതവുമായ മണര്‍കാട് പള്ളി റാസ ചൊവ്വാഴ്ച നടന്നു. പതിനായിരക്കണക്കിന് വിശ്വാസികള്‍ നാലു വരിയായി നീങ്ങിയ 'റാസ'യ്ക്ക് ആയിരക്കണക്കിന് മുത്തുക്കുടകളും നൂറിലേറെ പൊന്‍ വെള്ളിക്കുരിശുകളും ചെണ്ടവാദ്യമേളങ്ങളും പകിട്ടേകി.
ഘോഷയാത്ര ഒരു പോയിന്റ് പിന്നിടാന്‍ നാലു മണിക്കൂറിലേറെ സമയമെടുത്തു. കന്യകമറിയത്തിന്റെ ചിത്രത്തിന് മുന്നില്‍ കത്തിച്ച നിലവിളക്കുകളും കുരുത്തോലകളും മെഴുകുതിരികളുമായി ഗ്രാമം 'റാസ'യെ എതിരേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ മദ്ധ്യാഹ്ന പ്രാര്‍ഥനയെത്തുടര്‍ന്നാരംഭിച്ച പ്രദക്ഷിണം വൈകീട്ട് അഞ്ചുമണിയോടെയാണ് അവസാനിച്ചത്. കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട്കവല എന്നിവിടങ്ങളിലെ കുരിശിന്‍തൊട്ടികളും കരോട്ടെ പള്ളിയും ചുറ്റി മൂന്ന് കിലോമീറ്ററിലേറെ സഞ്ചരിച്ച് പ്രദക്ഷിണത്തിന്റെ മുന്‍ഭാഗം വലിയപള്ളിയിലെത്തുമ്പോഴും റാസയില്‍ പങ്കെടുക്കാനുള്ള വിശ്വാസികള്‍ പള്ളിമുറ്റത്ത് നിറഞ്ഞിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ വലിയപള്ളിയില്‍ നടത്തിയ ധൂപപ്രാര്‍ഥനയ്ക്കുശേഷം അംശവസ്ത്രങ്ങള്‍ ധരിച്ച വൈദികര്‍ റാസയില്‍ പങ്കുചേര്‍ന്നു. ഫാ. ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌കോപ്പാ ചിരവത്തറ, ഫാ. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ കറുകയില്‍, ഫാ. തോമസ് മറ്റത്തില്‍ എന്നിവര്‍ റാസയിലുടനീളം വിശ്വാസികളെ ആശീര്‍വദിച്ചു.
രാവിലെ കരോട്ടെ പള്ളിയിലെ കുര്‍ബ്ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന അഞ്ചിന്‍മേല്‍ കുര്‍ബ്ബാനയില്‍ യാക്കോബായ സഭ എപ്പിസ്‌കോപ്പന്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിച്ചു. വൈകീട്ട് സന്ധ്യാപ്രാര്‍ഥനയും നടന്നു.
ബുധനാഴ്ച രാവിലെ ഒമ്പതിന് വലിയപള്ളിയില്‍ നടക്കുന്ന മൂന്നിന്‍മേല്‍ കുര്‍ബ്ബാനയില്‍ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പ്രധാന കാര്‍മ്മികത്വം വഹിക്കും.

No comments:

Post a Comment