യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 28 October 2011

കോലഞ്ചേരി പള്ളിത്തര്‍ക്കം: ആറാംവട്ട ചര്‍ച്ചയും പരാജയം


കോട്ടയം: കോലഞ്ചേരി പള്ളിത്തര്‍ക്കം സംബന്ധിച്ച്‌ ഇരുവിഭാഗങ്ങളുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ആറാംവട്ട ചര്‍ച്ചയും പരാജയം. ഇന്നലെ രാത്രി വൈകി നാട്ടകം ഗവ. ഗസ്‌റ്റ്ഹൗസില്‍ ഇരുവിഭാഗവുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയാണ്‌ പരാജയപ്പെട്ടത്‌. രണ്ടുകൂട്ടരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചതാണ്‌ ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്‌. ഇരുവിഭാഗവും നിലപാടുകളില്‍ ഉറച്ചുനിന്നാല്‍ തങ്ങള്‍ക്ക്‌ ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കോടതിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ച്‌ പള്ളിത്തര്‍ക്കം പരിഹരിക്കട്ടെയെന്നും ഉപസമിതി അംഗങ്ങളായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ഡോ. എം.കെ. മുനീര്‍ എന്നിവര്‍ ഇരുവിഭാഗത്തെയും അറിയിച്ചു. കോലഞ്ചേരി പള്ളി വിട്ടുകൊടുക്കുന്നത്‌ സംബന്ധിച്ച്‌ ഇരുവിഭാഗവും ഒത്തുതീര്‍പ്പിന്‌ തയാറല്ലായെന്ന്‌ വ്യക്‌തമാക്കിയതാണ്‌ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ നടന്ന ചര്‍ച്ചയില്‍ ഇനി ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു ഇരുവിഭാഗവും.
യു.ഡി.എഫിലെ യാക്കോബായ പക്ഷത്തും ഓര്‍ത്തഡോക്‌സ് പക്ഷത്തുമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയെക്കണ്ട്‌ സഭാതര്‍ക്കം ഉടന്‍ പരിഹരിക്കണമെന്നു ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇന്നലെ രാത്രി നാട്ടകം ഗസ്‌റ്റ്ഹൗസില്‍ ഇരുവിഭാഗവുമായി സംസാരിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനമെടുത്തത്‌. 
കഴിഞ്ഞ ബുധനാഴ്‌ച തിരുവനന്തപുരത്ത്‌ ചര്‍ച്ച നടത്താന്‍ തീരുമാനം എടുത്തിരുന്നുവെങ്കിലും യാക്കോബായ വിഭാഗം എത്താതിരുന്നതിനെത്തുടര്‍ന്ന്‌ ചര്‍ച്ച മാറ്റിവയ്‌ക്കുകയായിരുന്നു. 
കോലഞ്ചേരി പള്ളി വിഷയത്തില്‍ കോടതിവിധി നടപ്പാക്കണമെന്ന നിലപാടിലാണ്‌ ഓര്‍ത്തഡോക്‌സ് പക്ഷം. പള്ളിയിലെ ഇടവകജനങ്ങളുടെ ഹിതപരിശോധനയ്‌ക്കുശേഷം പള്ളി ആര്‍ക്കാണെന്ന നിലപാട്‌ സ്വീകരിക്കാനാണ്‌ യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത്‌. പക്ഷേ, കോടതിവിധി അനുസരിച്ച്‌ 1934 ലെ ഭരണഘടന അനുസരിക്കുന്ന വിശ്വാസികളുടെ ഹിതപരിശോധനയ്‌ക്ക് ഓര്‍ത്തഡോക്‌സ്പക്ഷം തയാറാണെന്ന്‌ അറിയിച്ചെങ്കിലും യാക്കോബായ വിഭാഗം ഇത്‌ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.

No comments:

Post a Comment