യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Tuesday, 15 January 2013

കാരക്കുന്നം മര്‍ത്തമറിയം പള്ളി കത്തീഡ്രല്‍ പദവിയില്‍


കോതമംഗലം: മൂവാറ്റുപുഴ ജില്ല രൂപവത്കരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. കാരക്കുന്നം മര്‍ത്തമറിയം പള്ളി കത്തീഡ്രല്‍ ദൈവാലയമായി പ്രഖ്യാപിച്ച ശേഷം നടന്ന കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പള്ളിയെ കത്തീഡ്രല്‍ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പരി. പാത്രിയര്‍ക്കീസ് ബാവയുടെ കല്പന ധൂപപ്രാര്‍ഥനയ്ക്കു ശേഷം പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വായിച്ചതോടെ വിശ്വാസ ചൈതന്യ നിറവില്‍ ഭക്തസഹസ്രങ്ങള്‍ പ്രാര്‍ഥനാ ഗീതങ്ങള്‍ മുഴക്കി.


എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി.


യാക്കോബായ സഭയുടെ മാമലശ്ശേരി പള്ളി ഇടവകാംഗങ്ങള്‍ 243 ദിവസമായി അനുഷ്ഠിച്ചുവരുന്ന ഉപവാസ സമരം നിയമസഭയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തുമെന്ന് സമ്മേളനത്തില്‍ സംസാരിച്ച ടി.യു. കുരുവിള എം.എല്‍.എ. വ്യക്തമാക്കി.


മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ അന്തിമോസ്, മാത്യൂസ് മാര്‍ അഫ്രേം, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, സഭാ വൈദിക ട്രസ്റ്റി മത്തായി പൂവന്തുറ എപ്പിസ്‌കോപ്പ, സഭാ അല്‍മായ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, വികാരി ഫാ. ജോസ് ജോണ്‍ പരണായില്‍, സഹവികാരി ഫാ. അബ്രഹാം ആലിയാട്ടുകുടി, കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളി വികാരി ഫാ. ഡോ. തോമസ് ജെ. പറയിടം, ട്രസ്റ്റിമാരായ കെ.ടി. മത്തായിക്കുഞ്ഞ്, സിജു മത്തായി, കുടുംബ യൂണിറ്റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വി.പി. എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു.


എം.ജി. യൂണിവേഴ്‌സിറ്റി എം.ടെക് പരീക്ഷ രണ്ടാം റാങ്ക് ജേതാവ് ദീപ്തി വര്‍ക്കിയെ ശ്രേഷ്ഠ കാതോലിക്ക അനുമോദിച്ചു. കുടുംബ യൂണിറ്റുകളുടെ റാലിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. റാലിക്ക് മാര്‍ ബസ്സേലിയോസ് യൂണിറ്റ് ഒന്നാം സ്ഥാനവും, സെന്റ് പീറ്റേഴ്‌സ് യൂണിറ്റ് രണ്ടാം സ്ഥാനവും കാഷ് അവാര്‍ഡും നേടി.

No comments:

Post a Comment